Monday, 7 December 2015


ആരാണ് ഇദ്ദേഹം

മലയാളിയായ ശ്രീജിത്ത്‌ പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി എന്ന ദൗത്യസംഘത്തിന്‌ ലഭിച്ച ഈ ഫോട്ടോ അമൂല്യമാകുന്നത്‌ എന്തുകൊണ്ട്‌?
nethaji
അന്വേഷണം
പൊതുവേ താടിയും മീശയും വെക്കാത്ത  വിയറ്റ്‌നാമുകാർക്ക്‌ ഇടയിൽ ഈ താടിക്കാരൻ?

ഡിസംബർ 6. രാമജന്മഭൂമിയായ അയോധ്യയാൽ മഹത്തരമാക്കപ്പെട്ട ഉത്തർപ്രദേശിലെ ഫൈസാബാദ്, അതേ രാമന്റെ പേരിൽ ഒരു കറുത്ത ഏട്‌ എഴുതിച്ചേർത്ത ദിവസം. 1992-നുശേഷം കലണ്ടറിൽ ഒാരോ ഡിസംബറിലും ഈ ദിവസമെത്തുമ്പോൾ മതേതര ഇന്ത്യ ഒരു ദീർഘനിശ്വാസമുതിർക്കുന്നു. തർക്കമൊഴിയാത്ത ഒരു ദേവാലയത്തിന്റെ നിഗൂഢഗർഭത്തോടൊപ്പം ഫൈസാബാദിന് പങ്കുവെക്കാൻ ഇന്ന് ചരിത്രത്തിലെ ഒരു രഹസ്യം കൂടിയുണ്ട്. അത്‌ തേടിനടന്ന ദേശസ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാർ ചെന്നെത്തിയതും ശ്രീരാമൻ ജലസമാധിതേടിയ സരയൂ തീരത്തുതന്നെ. എന്നാൽ, അവർ പിന്തുടർന്നത് രാമന്റെ കാലടികളായിരുന്നില്ല. അതേ ഗുപ്താർഘാട്ടിൽ 1985 സപ്തംബർ 18-ന് സംസ്കരിക്കപ്പെട്ട ഒരു സന്ന്യാസിയുടെ ഭൂതകാലം തിരഞ്ഞുള്ള യാത്രയായിരുന്നു അത്.

  വാസ്തവങ്ങളിലേക്കുള്ള ഒരു തീർഥയാത്രയായിരുന്നു അത്. മുമ്പൊരിക്കൽ ഫ്രാൻസിലെ പാരിസിൽവെച്ച് അവർക്കുകിട്ടിയ ഒരു ഫോട്ടോയുടെ സത്യംതേടിയുള്ള യാത്ര. ചോരത്തുടിപ്പുള്ള ഓർമയായി ഇന്ത്യൻ മനസ്സുകളിൽ ഇന്നും തെളിയുന്ന സുഭാഷ്ചന്ദ്ര ബോസിന്റെ തിരോധാനരഹസ്യത്തിലേക്കുള്ള യാത്ര. 1945-ൽ നേതാജി കൊല്ലപ്പെട്ടു എന്നുകരുതുന്ന വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുഖർജി കമ്മിഷൻ, അങ്ങനെയൊരു അപകടമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പക്ഷേ, നേതാജി മരിച്ചിട്ടില്ലെന്ന് തീർപ്പുകല്പിച്ചിരുന്നില്ല. നേതാജി 1945-നുശേഷവും ജീവിച്ചെന്നുമാത്രമല്ല, പിന്നെയും പോരാട്ടമായിരുന്നു ആ ജീവിതമെന്ന സത്യത്തിന്റെ നിഴൽ വീശുന്നതായിരുന്നു പാരിസിലെ ആ ഫോട്ടോ.   കേട്ടുകേൾവിക്കപ്പുറമുള്ള വാസ്തവങ്ങൾ തേടിയിറങ്ങിയ അഞ്ച്‌ ചെറുപ്പക്കാർ തങ്ങളുടെ ഉദ്യമത്തിന്  ‘മിഷൻ നേതാജി’ എന്ന് പേരിട്ടു. നേതാജിയെ ആരാധിക്കുന്ന മുന്നൂറിലേറെപ്പേരുള്ള ഒരു യാഹൂ ഇന്റർനെറ്റ് ഗ്രൂപ്പിലെ കണ്ണികളായിരുന്നു അവരും.  ബംഗാളിയായ സായന്തൻ ദാസ് ഗുപ്തയായിരുന്നു മുന്നിൽ. സായന്തനുപുറമേ കശ്മീരിയായ അനൂജ് ധർ, ബംഗാളിൽനിന്നുള്ള ചന്ദ്രചൂഢ് ഘോഷ്, ഡൽഹിയിലെ വിശാൽ ശർമ, പിന്നെ ഒരു മലയാളിയും-പന്തളം സ്വദേശിയും ടെക്‌നോപാർക്കിലെ ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് പണിക്കർ. 2005-ൽ ഡൽഹിയിലെ വികാസ്‌പുരിയിൽ സന്നദ്ധസംഘമായി തുടങ്ങിയ ദൗത്യത്തിന് മിഷൻ നേതാജി എന്നുപേരിട്ടതും ശ്രീജിത്ത് തന്നെ.
modi

      മുഖർജി കമ്മിഷന്റെ തെളിവുകളിലൂടെയും 1945-ൽ വിമാനാപകടംനടന്ന തയ്‌വാനിലൂടെയുമൊക്കെ ഈ െഎവർ സംഘം സഞ്ചരിച്ചു. പിന്നെ ഗുംനാമി  ബാബയുടെ വഴികളിലൂടെയും. 1985-ൽ മൃതിയടഞ്ഞ  ബാബയുടെ കൈവശമുണ്ടായിരുന്ന അപൂർവ  വസ്തുക്കളിലൂടെയും അന്വേഷണം നീണ്ടു. അക്കൂട്ടത്തിലാണ്  ഗുരു ശിഷ്യരോട്‌ വിവരിക്കുന്നതരത്തിൽ എഴുതപ്പെട്ട ഒരു  ഗ്രന്ഥം കണ്ടുകിട്ടിയത്. ഇംഗ്ലീഷും ബംഗാളിയും ഇടകലർന്ന ഭാഷയിൽ ‘ഓയ് മഹാമാനബ് ആസെ’ എന്ന പേരിലുള്ള ആ  പുസ്തകത്തിൽ ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: “മേശയുടെ ഒരു വശത്ത് ഹോചിമിന്റെ അഭിമാനമായ ഒമ്പതു ജനറൽമാരുടെ സാന്നിധ്യമുണ്ടായിരുന്നു.  അവർക്കുപിന്നിലായി ഒരു നിഴലും.” വിയറ്റ്‌നാം യുദ്ധകാലത്ത് 1969 ജനവരി 28-ന്‌ പട്ടാളമേധാവികൾ പാരിസിൽ നടത്തിയ സമാധാന ചർച്ചയെക്കുറിച്ചാണ് പരാമർശം. ഇന്ത്യയിലെ ഒരു സന്ന്യാസി എന്തിന് വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ചെഴുതണം?  ആ യുക്തിക്കു പിന്നാലെയായി പിന്നീടുള്ള അന്വേഷണം. വിയറ്റ്നാമിൽ അമേരിക്കൻ പിൻമാറ്റത്തിലേക്ക് നയിച്ച പാരീസ് ചർച്ചയുടെ ചിത്രം അസോസിയേറ്റഡ് പ്രസ് (എ.പി.)  എന്ന വാർത്താഏജൻസി പകർത്തിയിരുന്നു. ഒരു സുഹൃത്തുവഴി സംഘം അത് വില കൊടുത്തുവാങ്ങി. തുടർന്ന്  പാരിസ് സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും പിൽക്കാലത്ത് വിയറ്റ്നാം ഉപരാഷ്ട്രപതിയാവുകയും ചെയ്ത വ്യെൻ തി ബിൻ എന്ന വനിതയുമായി നേരിട്ടു സംസാരിക്കാൻ  മിഷൻ നേതാജി സംഘം വിയറ്റ്നാമിലേക്ക് പുറപ്പെട്ടു.

   ഇതുവരെ മറനീക്കപ്പെടാതെകിടന്ന ഒരു രഹസ്യത്തിലേക്കുള്ള വാതിലായിരുന്നു ആ ചിത്രം.  വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ ഭരണകൂടം പ്രഖ്യാപിച്ച അതേ നേതാജിക്ക്‌ സമാനനായി ഒരാൾ പട്ടാളമേധാവികൾക്കുപിന്നിൽ! ഗുംനാമി ബാബ രേഖപ്പെടുത്തിയ പോലെ, ഒമ്പത്‌ ജനറൽമാർക്കുപിന്നിൽ ഒരു നിഴലുപോലെ! നേതാജി താടിയും മീശയും വെച്ചപോലെ! പൊതുവേ താടിയും മീശയും  വെക്കാത്ത  വിയറ്റ്‌നാമുകാർക്കിടയിൽ ഈ താടിക്കാരൻ? നേരത്തേ പറഞ്ഞ  പുസ്തകത്തിലെ ഗുംനാമി ബാബയുടെ  മറ്റൊരു വാചകവും ഇവിടെ കൂട്ടിവായിക്കുക: “വളരെ വിശേഷമായിട്ടുള്ള കൊക്കെയ്‌നും ഒപ്പിയവും തെക്കൻ വിയറ്റ്‌നാമിൽ സൗജന്യമായി വിതരണംചെയ്യാൻ  ഉപദേശിച്ചു. അമേരിക്കക്കാർ ഇതിനോടകംതന്നെ ആയിരം ടൺ കഴിച്ചുകഴിഞ്ഞു. ആയിരം വർഷത്തിനുള്ളിലെങ്കിലും  അമേരിക്ക വടക്കൻ വിയറ്റ്‌നാമിൽ വിജയിച്ചാൽ എന്റെ പേര് പട്ടിക്കിട്ടോളൂ!”   ഒരു സന്ന്യാസിയുടേതല്ല, പോർമുഖത്തുനിന്നുള്ള അനുഭവക്കുറിപ്പുപോലെയാണ് ഈ വരികൾ. (ബാബയുടെ കൈവശമുള്ള വസ്തുക്കളിൽ അവകാശവാദമുന്നയിച്ച് നേതാജിയുടെ അനന്തിരവൾ ലളിത ബോസ് കോടതിയെ സമീപിച്ചിരുന്നു. ബാബ എഴുതിയ പുസ്തകത്തിലെ കൈപ്പട നേതാജിയുടേതാണെന്ന് അവർ തിരിച്ചറിയുകയും ചെയ്തിരുന്നു). 1991-ൽ അമേരിക്ക പുറത്തുവിട്ട വിയറ്റ്‌നാം യുദ്ധരേഖകളിൽ സ്വന്തം സൈനികർ വൻതോതിൽ മയക്കുമരുന്നിന്  അടിമപ്പെട്ടിരുന്നതായും അത്‌ പരാജയത്തിനുള്ള കാരണങ്ങളിലൊന്നായെന്നും സമ്മതിച്ചിരുന്നു. ശത്രുസൈന്യത്തിന് മയക്കുമരുന്ന് വിതരണം ചെയ്ത  യുദ്ധതന്ത്രത്തിന് ഗുംനാമി ബാബ  എങ്ങനെ സാക്ഷിയായി?

     ഗുംനാമി ബാബ ഫൈസാബാദ് താവളമാക്കിയത് 1970-ൽ. ആശ്രമത്തിൽ  പൊതുജനങ്ങൾക്ക് ദർശനമോ സന്ദർശനമോ അനുവദിച്ചിരുന്നില്ല. മുഖം മറച്ചേ ബാബ നടക്കുമായിരുന്നുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേരുമായി മാത്രമായിരുന്നു സമ്പർക്കം. അതിൽ പ്രമുഖരായിരുന്നവർ ഐ.എൻ.എ. രഹസ്യസേവനവിഭാഗം മേധാവിയായിരുന്ന പവിത്ര  മോഹൻ റോയ്, നേതാജിയുടെ വിശ്വസ്തയായിരുന്ന ലീല റോയ്, പിന്നെ നേതാജിയുടെ ഏതാനും അടുത്ത ബന്ധുക്കളും. നേതാജിയുടെ ജന്മദിനമായ ജനവരി  23-ന് ആശ്രമത്തിലും ആഘോഷങ്ങൾ അരങ്ങേറിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അദ്ദേഹം സ്ഥാപിച്ച ആസാദ് ഹിന്ദിന്റെ വാർഷികദിനത്തിൽ  ഈ ആശ്രമമുറ്റത്ത് ഇന്ത്യൻപതാക ഉയർന്നിരുന്നു. ഒടുവിൽ, 1985-ൽ ബാബയെ ഗുപ്താർഘാട്ടിൽ സംസ്കരിക്കുന്നതിനുമുമ്പ് മൃതദേഹത്തിൽ ത്രിവർണപതാകയും പുതപ്പിച്ചിരുന്നു.
   ബാബയുടെ ആശ്രമത്തിലുണ്ടായിരുന്ന വസ്തുക്കൾ എന്തായിരുന്നു?  അച്ഛൻ ജാനകീനാഥ് ബോസിന്റെ കുട, വിദേശനിർമിതമായ എംപയർ കൊറോണ ടൈപ്പ് റൈറ്റർ, നേതാജിക്ക്‌  മുസ്സോളിനി സമ്മാനിച്ച ഇറ്റാലിയൻ നിർമിതമായ പുകവലി പൈപ്പ്, ആഷ്ട്രേ, ജർമൻ ബൈനോക്കുലർ, റെക്കോഡിങ് കാസറ്റ്, നേതാജിയുടെ തിരോധാനം സംബന്ധിച്ച  പത്രവാർത്തകളുള്ള  ഒരു ഫയൽ, നേതാജിയുടെ കുടുംബാംഗങ്ങളുമൊത്തുള്ള അപൂർവ  ചിത്രങ്ങൾ! പഴയ ദക്ഷിണേഷ്യയുടെ ഭൂപടമുണ്ടായിരുന്നു. അതിൽ സ്റ്റാലിനാബാദ് (ഇപ്പോഴത്തെ താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷാൻബേ) എന്ന ഭാഗം  പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു.
   ഇനി മിഷൻ നേതാജിയിലെ സംഘാംഗങ്ങളുടെ ചില പഠനവിവരങ്ങൾ ഇതോട് ചേർത്തുവായിക്കാം: ബാബയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ സ്റ്റാലിനാബാദ് 1935 മുതൽ ’65 വരെ മാത്രമേ  അങ്ങനെ അറിയപ്പെട്ടിട്ടുള്ളൂ. അന്വേഷണങ്ങളിലെ നിഗമനങ്ങളനുസരിച്ച് 1945 വരെ നേതാജി ഇവിടെ സന്ദർശിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചപോലെ 1945-ൽ ഒരു വിമാനാപകടമുണ്ടായിട്ടില്ലെന്നാണ് മുഖർജി കമ്മിഷനുമുമ്പാകെ തയ്‌വാൻ മേയറുടെ സ്ഥിരീകരണം. ദുരൂഹമായ തിരോധാനത്തിനുശേഷം 1949 വരെ നേതാജി റഷ്യയിലുണ്ടായിരുന്നുവെന്നാണ് അനുമാനം. അതിനുശേഷം അദ്ദേഹം ചൈനയിലുണ്ടായിരുന്നതിന് മൂന്ന് തെളിവുകൾ:  മാവോ തന്നെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോയത്‌ വിവരിക്കുന്നുണ്ട് ബാബയുടെ പുസ്തകത്തിൽ. അക്കൂട്ടത്തിൽ മാവോ ബെയ്‌ജിങ്ങിൽ നിർമിച്ച  ദിക്സിയാ ചെങ് എന്ന ഭൂഗർഭനഗരത്തെക്കുറിച്ചും പറയുന്നു. ഈ നഗരത്തെക്കുറിച്ച് പുറംലോകമറിഞ്ഞത് 1990-ൽ ചൈന വെളിപ്പെടുത്തിയപ്പോൾ മാത്രമാണ്.  നേതാജിയുടെ സഹോദരൻ ശരത്ചന്ദ്രബോസ് പത്രാധിപരായ ‘ദി നേഷൻ’  എന്ന പത്രത്തിൽ 1949-ൽ ഒരു വാർത്തയുണ്ടായിരുന്നു. ‘നേതാജി ചുവപ്പുചൈനയിൽ’ എന്ന തലക്കെട്ടിലായിരുന്നു വാർത്ത. ബോസിന്റെ ഉറ്റ അനുയായിയും കോൺഗ്രസ് നേതാവുമായിരുന്ന മുത്തുരാമലിംഗം തേവർ, താൻ ചൈനയിൽപ്പോയി നേതാജിയെ കണ്ടു എന്ന്‌ വെളിപ്പെടുത്തിയതാണ് മൂന്നാമത്തെ തെളിവ്.
   തിരോധാനത്തിനുശേഷം റഷ്യ, ചൈന, വിയറ്റ്നാം എന്നീ  വിപ്ലവനാടുകളിലേക്കുള്ള നേതാജിയുടെ യാത്ര ആംഗ്ളോ- അമേരിക്കൻ  ശക്തികൾക്കെതിരെയുള്ള തൻറെ പോരാട്ടം തുടരാൻവേണ്ടിയായിരിക്കണം.  പാരിസിലെ ചിത്രം തെളിയിക്കപ്പെട്ടാൽ,  ഇന്ത്യൻ സ്വാതന്ത്ര്യസമര നായകനിൽനിന്ന്‌ ആഗോള  വിപ്ലവ പൗരുഷത്തിലേക്കുള്ള  നേതാജിയുടെ കൂടുമാറ്റത്തിന്റെ സാക്ഷ്യപത്രമാവും ആ കാഴ്ച.
  നേതാജിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ സിംഗപ്പുർ, മലേഷ്യ,  ഹോങ്കോങ്, ബ്രിട്ടൻ, അമേരിക്ക, വിയറ്റ്‌നാം തുടങ്ങിയ ഒട്ടേറെ വിദേശരാജ്യങ്ങളിൽ മിഷൻ നേതാജി സംഘം സ്വന്തം  ചെലവിൽ സഞ്ചരിച്ചു. ഒരു വലിയ സത്യത്തിന്റെ മറ നീക്കാൻ നേതാജിയുടെ  കുടുംബാംഗങ്ങളെ ഓരോരുത്തരെയായി നേരിൽക്കണ്ട് അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചു.  സർക്കാർ രഹസ്യമാക്കി വെച്ച ഫയലുകൾ പരസ്യപ്പെടുത്താൻ ആവശ്യപ്പെട്ട് നേതാജിയുടെ കുടുംബവും മുന്നിട്ടിറങ്ങി. പശ്ചിമ ബംഗാളിലെ മമത സർക്കാർ തങ്ങളുടെ പക്കലുള്ള ഫയലുകൾ പരസ്യമാക്കി. നേതാജിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. നേതാജിയുടെ ജന്മദിനമായ  വരുന്ന ജനവരി 23ന് ആദ്യഘട്ട ഫയലുകൾ പുറത്തു വിടുമെന്നാണ് പ്രഖ്യാപനം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ അഞ്ചു ചെറുപ്പക്കാരും പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നു.
അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം നടന്നാലോ കേന്ദ്രം ഫയലുകൾ മുഴുവനായും പുറത്തു വിടുമ്പോഴോ നേതാജിയെക്കുറിച്ചുള്ള  സത്യങ്ങൾ ഏറെക്കുറെ വെളിച്ചം കാണുമെന്ന  പ്രതീക്ഷയിലാണ് മിഷൻ നേതാജി. “എന്റെ മടങ്ങി വരവ് രാജ്യതാത്‌പര്യത്തിനു വിരുദ്ധമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എല്ലാ രേഖകളും ഇനിയും പുറത്തു വിട്ടില്ല. അതെല്ലാം  അറിയുന്ന സമയം എന്തുകൊണ്ടാണ് ഞാൻ ഒളിവിൽ  കഴിയുന്നതെന്ന് നിങ്ങൾക്കു മനസ്സിലാവും.” എന്ന് ഗുംനാമി ബാബയുടെ പുസ്തകത്തിലുണ്ട്.  ഐക്യരാഷ്ട്രസഭയുടെ ആദ്യകാല ഉടമ്പടിപ്രകാരം ഒളിവിൽ പോയ യുദ്ധക്കുറ്റവാളികൾ 25 വർഷക്കാലയളവിനു ശേഷം പുറത്തു വന്നാൽ അവരെ പഴയ കുറ്റങ്ങൾക്ക് വിചാരണ ചെയ്യേണ്ടതില്ല. 1971-ൽ ഇതിലൊരു ഭേദഗതിയുണ്ടായി. നിർദിഷ്ട കാലയളവിനു ശേഷവും പഴയ ആരോപണങ്ങളുടെമേൽ വിചാരണയാവാമെന്നാക്കി. ഈ ഉടമ്പടി ഇന്ത്യയും അംഗീകരിച്ചു. അത് ആർക്കു വേണ്ടിയാണെന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമായ മറുപടിയൊന്നും നൽകിയില്ല. എന്തായാലും, അതിനു ശേഷമാണ് ഫൈസാബാദിൽ ഗുംനാമി ബാബയുടെ താമസമെന്നത് യാദൃച്ഛികമായ സാന്ദർഭികതയല്ല. ‘പേരില്ലാത്ത  സംന്യാസി’ എന്നാണ് ഗുംനാമി ബാബ  എന്ന പദത്തിനർഥം. ഇന്ത്യൻ സിരകളെ തിളപ്പിച്ച നേതാജി എന്ന സമരജീവിതത്തെ ഏതു പേരു കൊണ്ടും പകരം  വെക്കാനാവില്ലല്ലോ!
 ഈ ചിത്രത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടാൽ അതിനു കാരണക്കാരായ ഈ അഞ്ചംഗസംഘത്തിൽ ഒരു മലയാളിയുള്ളതിൽ നമുക്കും അഭിമാനിക്കാം.

No comments:

Post a Comment