Tuesday, 1 December 2015

2022 ഓടെ ഇന്ത്യയ്ക്ക്‌ 70 സൂപ്പർ കമ്പ്യൂട്ടറുകൾ

 ന്യൂഡൽഹി: വിവിധ മേഖലകളിലെ ഉന്നത ഗവേഷണങ്ങൾക്ക്‌ സഹായകരമാവുന്നതിന്‌ വേണ്ടി 2022 ഓടെ 70 സൂപ്പർ കമ്പ്യൂട്ടറുകൾ ഇന്ത്യക്ക്‌ സ്വന്തമാകും. സൂപ്പർ കമ്പ്യൂട്ടറുകളുടെ എണ്ണം വർധിക്കുന്നതോടെ പ്രതിരോധ രംഗം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന്‌ പുരോഗതി കൈവരിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
കമ്പ്യൂട്ടറുകൾക്ക്‌ .5 പെറ്റാഫ്ലോപ്പ്‌ മുതൽ 20 പെറ്റാഫ്ലോപ്പ്‌ വരെ വേഗതയുണ്ടാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതിന്റെ വേഗത 50 പെറ്റാഫ്ലോപ്പ്‌ വരെ ഉയരുകയും ചെയ്തേക്കാം. സൂപ്പർ കമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റാണ്‌ ഫ്ലോപ്സ്‌. ലോകത്തെ ഏറ്റവും മികച്ച സൂപ്പർ കമ്പ്യൂട്ടറായ ചൈനയുടെ ടിയാൻഹെ2 വിന്റെ പ്രവർത്തനശേഷി 33.86 പെറ്റാ ഫ്ലോപ്സ ആണ്‌.
4,500 കോടി രൂപയാണ്‌ പദ്ധതിയുടെ തുടക്കത്തിൽ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌. ശാസ്ത്ര വകുപ്പിന്റെയും വിവര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെയാണ്‌ സർക്കാർ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുന്നത്‌. ഏഴ്‌ വർഷത്തിനുള്ളിൽ 2022ഓടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ്‌ സർക്കാർ പ്രതീക്ഷിക്കുന്നത്‌. സർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്ക്‌ പുറമെ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾക്കും സൂപ്പർ കമ്പ്യൂട്ടറുകളുടെ സേവനം ലഭ്യമാകും.

No comments:

Post a Comment